തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറക്കുവാൻ സർക്കാർ ആലോചന. വിഷയം ചർച്ച ചെയ്യുന്നതിന് സർവീസ് സംഘടനാ പ്രതിനിതികളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. സെപ്റ്റംബർ 11 ന് വൈകീട്ട് മൂന്ന് മണിക്ക് ദർബാർ ഹാളിലാണ് യോഗം നടക്കുകയെന്ന് അഡീഷണൽ സെക്രട്ടറി അറിയിച്ചു.
ഒരു സർവീസ് സംഘടനയെ പ്രതിനിധീകരിച്ചു രണ്ട് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രവൃത്തി ദിനങ്ങൾ കുറക്കുന്നതിനെ കുറിച്ച് അഭിപ്രായങ്ങൾ ഉയർന്നു വന്നതിനെ തുടർന്നാണ് ചർച്ച സജീവമാകാൻ കാരണം. യോഗത്തിൽ സംബന്ധിക്കുന്നതിന് മുൻപായി നിർദേശങ്ങൾ കൈമാറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷം എടുക്കാനാണ് സർക്കാർ നീക്കം.