റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദിയുടെ സുലൈ ഏരിയ ട്രഷററായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബലരാമൻ മാരിമുത്തുവിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. ഫറോക്കിലെ ബലാരാമൻ്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറി രാധാഗോപി ഫണ്ട് കൈമാറി. ഭാര്യയും മക്കളും ചേർന്ന് ഫണ്ട് ഏറ്റു വാങ്ങി.
ഏരിയ കമ്മിറ്റി അംഗം സുധീഷ് കുമാർ, ഫാറൂഖ് കോളേജ് ലോക്കൽ സെക്രട്ടറി ബീന കരംചന്ത്, ബ്രാഞ്ച് അംഗങ്ങൾ, കേളി സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി, കേളി കേന്ദ്ര കമ്മറ്റി അംഗം റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു.
കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് -ലക്ഷ്മി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 35 വർഷമായി റിയാദ് സുലൈ എക്‌സിറ്റ് 18 ൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട ബലരാമനെ ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്.
വലിയ പറമ്പ് ബ്രാഞ്ച് സെക്രട്ടറി വിജിത് പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫറോക്ക് ഏരിയ കമ്മറ്റി അംഗം സുധീഷ് നന്ദി പറഞ്ഞു.