കൊച്ചി: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന വെള്ളാപ്പള്ളിയുടെ പരിഹാസത്തിന് മറുപടി നൽകി വിഡി സതീശൻ. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മറിച്ചാണെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിരന്തരമായി വർഗീയ പരാമർശങ്ങൾ നടതുന്ന വെള്ളാപ്പള്ളിയെ ഗുരുദേവൻറെ പകർപ്പെന്ന് പറഞ്ഞവർ ആരാണ്? വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തെ സ്വീകരിച്ചതാണ്. വെള്ളാപ്പളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും എല്ലാവർക്കും അറിയാം.
കേരളം മുഴുവൻ കടൽ പോലെ അലയടിച്ചു തനിക്കെതിരെ വന്നാലും നിലപാടിൽ നിന്നും അണുവിട മാറ്റമുണ്ടാവില്ലെന്നും വിഡി സതീശൻ പറഞ്ഞു. നിലപാടെടുക്കുന്നവർക്ക് വേറെ വിമർശനങ്ങളുണ്ടാകും. വെള്ളാപ്പള്ളിയുടെ നിരന്തര വിമർശങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരും ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആഭ്യന്തരം കൂടി കൈകാര്യം ചെയുന്ന പിണറായി വിജയന് മറുപടി പറയാൻ ബാധ്യതയുണ്ട്, മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദ്ദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിൻറെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബൂക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അറിഞ്ഞില്ലെങ്കിലും അതങ്ങ് പിരിച്ചുവിടുകയല്ലേ നല്ലത്.
വി ടി ബൽറാമിനെ ഒരു സ്ഥാനത്തുനിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും കെപിസിസി സോഷ്യൽ മീഡിയ സ്വാത് ചെയർമാൻ സ്ഥാനത്തുനിന്നും ബൽറാം ഒഴിഞ്ഞത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
.