റിയാദ്: ഞായറാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതായും കേന്ദ്രം അറിയിച്ചു.
കാലാവസ്ഥയുടെ തീവ്രതയിൽ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴയോടൊപ്പം മിന്നലും ശക്തമായ കാറ്റും ഇടക്കിടെ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ താഴ്വരകളിൽ വെള്ളപൊക്കമുണ്ടാകാനും തീരപ്രദേശങ്ങളിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജിസാൻ, അസീർ, അൽ ബാഹ, തായിഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്, റിയാദ്, മദീന, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ രീതിയിലും മഴ വർഷിക്കുന്നതാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനുള്ള സാധ്യതയും നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതകളുള്ള താഴ്വാരങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ശക്തമായ കാറ്റ് വീശുമ്പോൾ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.