ദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചത്.
പാകിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന് ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിൻറെയും അഭിഷേക് ശർമയുടെയും തിലക് വർമ്മയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയം നേടിയത്.
47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാകിസ്ഥാന് വേണ്ടി സായിം അയൂബാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്. പാകിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്‌സ്‌ദാ ഫർഹാനും ഷാഹിൻഷാ അഫ്രീദിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീദി 33 റൺസും എടുത്തു.
ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയും അസ്‌കർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഈ ഏഷ്യാകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യ യുഎഇയെയാണ് പരാജയപെടുത്തിയായത്.