കരൂർ: തമിഴക വെട്രിക്കഴകം നേതാവ് വിജയ് നയിച്ച റാലിക്കിടയിൽ തിക്കിലും തിരക്കിലും മരിച്ചവരെയുടെ എണ്ണം 39 ആയി. പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ച് മുഖ്യമന്ത്രി സ്‌റ്റാലിൻ. ഞായറാഴച പുലർച്ചെ മൂന്ന് മണിക്ക് കരൂർ മെഡിക്കൽ കോളേജിലെത്തിയ സ്റ്റാലിൻ ഡോക്ടർമാരുമായി സംസാരിച്ചു.
പരിക്കേറ്റ് ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. ട്രിച്ചി വിമാനത്താവളത്തിൽ നിന്നും റോഡുമാർഗമാണ് മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തിയത്. ആയിരത്തോളം പേർക്ക് പരിക്കുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
മരിച്ചവരിൽ 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ പത്തുപേർ കുട്ടികളാണെന്നും അധികൃതർ അറിയിച്ചു.മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചതായിട്ടാണ് ഒടുവിൽ കിട്ടുന്ന ഔദ്യോഗിക വിവരം.
ശനിയാഴ്‌ച വൈകുനേരം ഏഴുമണിക്ക് കരൂരിൽ വേലുച്ചാമിപുരത്ത് വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം ഉണ്ടായത്. 15, 000 പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന റോഡിനോട് ചേർന്നുള്ള ചെറു മൈതാനത്ത് 50,000 ആളുകൾ തടിച്ചു കൂടിയിരുന്നു.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആൾകൂട്ടത്തിൻറെ നാടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് തമിഴ് നാട് ഡിജിപി പറഞ്ഞു. വിജയ് എത്താൻ വൈകിയതാണ് അപകട കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.