കോഴിക്കോട്: ഗൾഫിലേക്കുള്ള സർവീസുകൾ വ്യാപകമായി വെട്ടിചുരുക്കാനുള്ള എയർഇന്ത്യയുടെ നടപടികൾക്കെതിരെ ഷാഫി പറമ്പിൽ എംപിയുടെ ഇടപെടൽ. എയർ ഇന്ത്യ എക്‌സ്പ്രസിൻറെ ഗൾഫിലേക്കുള്ള ശൈത്യകാല ഷെഡ്യൂളുകൾ വെട്ടികുറക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിൽ വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാനും കത്തയച്ചു. പ്രവാസികൾ ഏറെ ഉപയോഗിക്കുന്ന കണ്ണൂർ കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളായിരുന്നു വെട്ടിച്ചുരുക്കിയിരുന്നത്.
ശൈത്യകാല ഷെഡ്യൂന്റെ ഭാഗമായി ഗൾഫ് സെക്ടറിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സർവീസുകളാണ് വെട്ടികുറച്ചത്. കുവൈറ്റിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും നിർത്തലാക്കിയത്.
കുവൈറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മലബാർ മേഖലയിലുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് കുവൈറ്റ്, അബുദാബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്‌റൈൻ, ദമ്മാം റാസൽഖൈമ, മസ്‌ക്കറ്റ് റൂട്ടുകളിൽ ആഴ്‌ചയിൽ 86 സർവീസുകളിയിരുന്നു ഉണ്ടായിരുന്നത്. ശൈത്യകാല ഷെഡ്യൂളിൽ ഇത് 54 ആയി കുറവും. കണ്ണൂരിൽ നിന്ന് ഇനി കുവൈറ്റ്, ബഹ്‌റൈൻ, ജിദ്ദ, ദമ്മാം റൂട്ടുകളിലേക്ക് ഇനി നേരിട്ട് സർവീസുകൾ ഉണ്ടാകില്ല.