റിയാദ് : സൗദിഅറേബ്യയിലെ വിമാന താവളങ്ങൾ വഴി കൊണ്ടുപോകാവുന്ന മരുന്നുകളിൽ മുൻകൂർ അനുമതി വാങ്ങേണ്ടത് 99 തരം പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾക്ക്. മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റിലുള്ള പദാർത്ഥങ്ങൾ ഉൾപ്പെട്ട മരുന്നുകൾ മാത്രം അടയാളപ്പെടുത്താൻ കഴിയും വിധമാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. നാർക്കോട്ടിക് വിഭാഗത്തിൽ പെട്ട പദാർത്ഥങ്ങൾ അടങ്ങിയ വേദന സംഹാരികൾ, ഉത്ക്കൺഠക്കുള്ള മരുന്നുകൾ, ഉറക്ക ഗുളികകൾ, വിഷാദ രോഗം മാനസികാരോഗ്യ കുറവ് എന്നിവക്കുള്ള മരുന്നുകൾ, ഉത്തേജക ഔഷധം എന്നിവയാണ് ഈ ഗണത്തിൽ പെടുത്തി നിയന്ത്രണം വരുത്തിയിട്ടുള്ളത്. (മരുന്നുകളുടെ ലിസ്റ്റ് താഴെ)
സൗദി അറേബ്യയിലേക്ക് വരുന്നവരോ ഇവിടെ നിന്ന് പുറത്ത് പോകുന്നവരോ കൈവശം സൂക്ഷിക്കുന്ന നിയന്ത്രിത മരുന്നുകൾക്ക് മുൻകൂർ അനുമതി വാങ്ങണം എന്ന നിയമം, സ്ഥിരമായി മരുന്ന് കഴിക്കുന്ന പലരിലും ആശങ്ക ഉയർത്തിയിരുന്നു. അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് ലിസ്റ്റ് പരിമിത പെടുത്തിയതിൽ നിന്ന് മനസിലാവുന്നത്. പ്രേമേഹം രക്തസമ്മർദ്ധം പോലുള്ള അസുഖം ഉള്ളവർക്ക് സ്വന്തം ആവശ്യത്തിന് മരുന്നുകൾ കൊണ്ടുവരുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്നാണ് വിവരങ്ങൾ.
അതേസമയം, മറ്റുള്ളവർക്ക് വേണ്ടി , നിയന്ത്രണം ഇല്ലാത്ത മരുന്നുകൾ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സ്വന്തം ആവശ്യത്തിന് കൊണ്ട് വരുകയാണെങ്കിൽ തന്നെ. മൂന്ന് മാസത്തിൽ അധികം പഴക്കമില്ലാത്തതും ഒപ്പും സീലും പതിച്ച ഡോക്ടറുടെ കുറിപ്പടി, ഏറ്റവും പുതിയ ലബോറട്ടറി റിപ്പോർട്ടുകൾ, ഫാർമസി ബില്ല് എന്നിവ കൈവശം കരുത്തേണ്ടതാണ്.