മുംബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്‌റ്റാമെർ ഇന്ത്യയിലെത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻ്റെയും സംസ്ഥാനഗവർണറും ചേർന്ന് സ്വീകരിച്ചു.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കെയ്ര്‍ സ്‌റ്റാമെർ കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രിയായതിന് ശേഷമുള്ള കെയ്ര്‍ സ്‌റ്റാമെറിൻറെ പ്രഥമ ഇന്ത്യാ സന്ദർശനമാണ്. ഇരു രാജ്യങ്ങളും തമ്മിൽ ജൂലൈ 24 ന് പുതിയ വ്യാപാര ഉടമ്പടി ഒപ്പ് വെച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടികാഴ്‌ചയായതിനാൽ പ്രധാനമന്ത്രിമാരുടെ ഈ കൂടികാഴ്‌ചക്ക് വലിയ പ്രാധാന്യമുണ്ട്.
മുംബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് ബ്രിട്ടീഷ് പ്രശനമന്ത്രിയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തും.
ഗാസ, റഷ്യ, യുക്രൈൻ തുടങ്ങി യുദ്ധങ്ങൾ ഉൾപ്പടെയുള്ള രാജ്യാന്തര വിഷയങ്ങളിലും നേതാക്കൾ ചർച്ച നടത്തുമെന്നറിയുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സാഹചര്യത്തിൽ മറ്റു ലോക ശക്തികളുമായി നല്ല ബന്ധത്തിനായിരിക്കും ഇന്ത്യയുടെ ശ്രമം. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ നടത്തിയ ചർച്ചകളിലെ പുരോഗതി പിന്തുടർന്ന് ബ്രിട്ടനുമായും നല്ല സൗഹൃദത്തിനാവും ഇന്ത്യയുടെ ശ്രമം.