കൈറോ: ഗാസ സമാധാനപദ്ധതിയുടെ ഒന്നാം ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച പ്രഖ്യാപനം സമൂഹ മാധ്യമനങ്ങളിലൂടെയാണ് ട്രംപ് പുറത്ത് വിട്ടത്. സമാധാന പദ്ധതി പ്രകാരം ഹമാസ് ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നും ഇസ്രായേൽ അവരുടെ സൈന്യത്തെ ഇരുകൂട്ടരും അംഗീകരിക്കുന്ന സ്ഥലത്തേക്ക് പിൻവലിക്കുമെന്നും ട്രംപ് പറഞ്ഞു.
വെടി നിർത്തൽ എത്രയും പെട്ടെന്ന് നടപ്പാക്കുവാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന യുഎസ് സംഘം ഇന്ന് ഈജിപ്തിലേക്ക് പോകും. ഈ ആഴ്‌ച ട്രംപ് ഈജിപ്‌ത് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ സംഭവം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച ഖത്തർ, ഈജിപ്‌ത്, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറയുന്നതായും സമാധാന സ്ഥാപകർ അനുഗ്രഹീതരാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.