കോഴിക്കോട് : ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുത്തനെ
വർദ്ധിക്കുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ടെങ്കിലും, ട്രാവൽ ഏജൻസികൾ നടത്തുന്ന ഗ്രൂപ്പ് ബുക്കിങ് രീതിയും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു വിമാനത്തിലെ സീറ്റുകളുടെ വലിയ ഭാഗം മുൻകൂട്ടി ‘ബ്ലോക്ക്’ ചെയ്ത് വാങ്ങുന്ന രീതിയാണ് ഗ്രൂപ്പ് ബുക്കിങ്. ഏജൻസികൾ സീറ്റുകൾ മൊത്തമായി ഇത്തരത്തിൽ വാങ്ങുമ്പോൾ, വിമാനക്കമ്പനികളുടെ ബുക്കിങ് സിസ്റ്റത്തിൽ വിമാനത്തിലെ ലഭ്യമായ സീറ്റുകളുടെ എണ്ണം കുറഞ്ഞതായും ആവശ്യകത കൂടിയതായും കാണിക്കും. വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണയായി പ്രവർത്തിക്കുന്നത് ഡിമാൻഡ്-സപ്ലൈ സിദ്ധാന്തമനുസരിച്ചാണ്. സീറ്റുകൾ കുറയുന്നതായി കാണുമ്പോൾ, ബുക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി ശേഷിക്കുന്ന സീറ്റുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്നതാണ് ഗ്രൂപ്പ് ബുക്കിങ് സിസ്റ്റം ഉണ്ടാക്കുന്ന പ്രതിസന്ധി
മൊത്തമായി സീറ്റുകൾ വാങ്ങുന്ന ഏജൻസികൾ, ദിവസങ്ങളോളം അവ പൂഴ്ത്തിവെക്കുകയും വിമാന കമ്പനികളുടെ വെബ്ബ് സൈറ്റിൽ ചാർജ്ജ് കൂടിയതായി കാണിക്കുമ്പോൾ യാത്രക്കാർക്ക് വിൽക്കുമ്പോൾ സ്വന്തമായി ഒരു ലാഭവിഹിതം കൂട്ടിച്ചേർക്കും. വിമാനക്കമ്പനിയുടെ യഥാർത്ഥ നിരക്കിനേക്കാൾ അൽപ്പം കുറഞ്ഞ വിലയ്ക്കായിരിക്കും പലപ്പോഴും ഇത് വിൽക്കുന്നത്. ഇത് കൂടുതൽ യാത്രക്കാരെ അവരിലേക്ക് ആകർഷിക്കും. സീറ്റുകളിൽ ഭൂരിഭാഗവും ഗ്രൂപ്പ് ബുക്കിങ്ങിന്റെ ഭാഗമായി വിറ്റൊഴിയുമ്പോൾ വിപണിയിലെ ആരോഗ്യകരമായ മത്സരം ഇല്ലാതാവുകയും, ടിക്കറ്റ് നിരക്ക് കുറയാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു.
കഴിഞ്ഞ മാസം കോഴിക്കോട് ദമ്മാം സെക്ടറിൽ വെബ്ബ് സൈറ്റിൽ 45000രൂപയിധികം ചാർജ്ജ് കാണിച്ച ടിക്കറ്റ് 26000 രൂപക്ക് ട്രവൽ ഏജൻസിയിൽ നിന്ന് ലഭിച്ചതായി കോഴിക്കോട് സ്വദേശി മലയാളം ന്യൂസ് ഓൺലൈനോട് പറഞ്ഞു. പത്തു പേരടങ്ങുന്ന ടിക്കറ്റിന്റെ ആകെ തുകയായി ഒന്നര ലക്ഷം രൂപയാണ് കാണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്രയധികം തിരക്കില്ലാത്ത സമയമായിട്ടും ഒരു ടിക്കറ്റിൽ പത്തായിരം രൂപയോളം ലാഭം ട്രാവൽ ഏജൻസി കൈവശമാക്കി.
പെരുന്നാളുകൾ, ഓണം, ക്രിസ്മസ്, വേനലവധിക്കാലം, ഗൾഫ് നാടുകളിലെ അവധി ദിവസങ്ങൾ എന്നിവയ്ക്ക് മുന്നോടിയായി ഗ്രൂപ്പ് ബുക്കിങ്ങുകൾ വർദ്ധിക്കുന്നതായാണ് കണ്ട് വരുന്നത്. ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥ വരുമ്പോൾ, യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് ടിക്കറ്റ് വാങ്ങാൻ നിർബന്ധിതരാകുന്നു. അവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ട പ്രവാസികൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്.
ഗ്രൂപ്പ് ബുക്കിങ്ങിന്റെ തോത് വിമാനത്തിന്റെ മൊത്തം സീറ്റുകളുടെ എത്ര ശതമാനം വരെയാകാമെന്ന് പരിധി നിശ്ചയിക്കുക വഴി, ട്രവൽ ഏജൻസികളുടെ ഇടപെടൽ മൂലമുള്ള അമിത ചാർജ്ജ് വർദ്ധനവ് തടയിടാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് ബുക്കിങ് ചെയ്ത ടിക്കറ്റുകൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വിറ്റുപോയില്ലെങ്കിൽ, അവ സാധാരണ വിൽപ്പനയ്ക്കായി വിമാനക്കമ്പനി സിസ്റ്റത്തിലേക്ക് തിരികെ ചേർക്കാനുള്ള കർശനമായ നിയമങ്ങൾ കൊണ്ടുവരിക. പ്രത്യേക റൂട്ടുകളിലും സീസണുകളിലും നടക്കുന്ന അസ്വാഭാവികമായ നിരക്ക് വർദ്ധനവും കൃത്രിമമായി തിരക്ക് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും തടയുക. എന്നിവയും പരിഹാര മാർഗ്ഗങ്ങളാണ്.
ടിക്കറ്റ് നിരക്ക് വർദ്ധനവിൽ, വിമാന കമ്പനികളെ മാത്രം കുറ്റപ്പെടുത്തി പ്രസ്താവനകളൂം ധര്ണകളൂം നടത്തി മുന്നോട്ട് പോകുന്നവർ, പ്രവാസികളുടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്ന ഈ രീതിക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സർക്കാരുകളും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടുകയാണെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ.