കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. സംസ്ഥാന സര്‍ക്കാരാണ് വിധി നടപ്പാക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. വധശിക്ഷ റദ്ദാക്കണമെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ ഹരജിയും ഇതിന്റെ കൂടെ പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നായിരിക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഉണ്ടാവുക.
പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍ പുറമ്പാക്കിലെ വീട്ടില്‍ വെച്ചാണ് ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ഇരയായ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടത്തിയിരുന്നു. ഇതേതുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2016 ഏപ്രില്‍ 28 ന് നടന്ന സംഭവത്തില്‍ ജൂണ്‍ 16 നാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.