കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിനത്തിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത്. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങൾ രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്.
ഇതു സംബന്ധിച്ച് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിംഗ് ദിനത്തിലെ പോലെ പ്രഖ്യാപനദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ സഹകരിക്കണം. ചെറിയ സംഘർഷങ്ങൾ വലിയ അക്രമങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും ജില്ലയിൽ അത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ഓർമിപ്പിച്ചു.
ജില്ലയിൽ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ എന്നിവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വോട്ടെണ്ണല്‍ ദിനത്തിന് മുന്നോടിയായി ഉടന്‍ തന്നെ എടുത്തുമാറ്റാന്‍ രാഷ്ട്രീയ പാർട്ടികൾ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണം. രാത്രിയിലേക്ക് നീളുന്ന ആഘോഷപരിപാടികൾ ഒരു സാഹചര്യത്തിലും ഉണ്ടാകാന്‍ പാടില്ല. ആഘോഷ പരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ, വടകര ലോക്സഭാ മണ്ഡലം വരണാധികാരികൂടിയായ എഡിഎം കെ. അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി. മോഹന്‍, പാര്‍ട്ടി പ്രതിനിധികളായ എം. ഗിരീഷ് (സിപിഎം), പി.എം. അബ്ദുറഹ്മാൻ (കോൺഗ്രസ്),കെ.കെ. നവാസ് (മുസ്ലിം ലീഗ്), പി.ടി. ആസാദ് (ജനതാദൾ എസ്) അജയ് നെല്ലിക്കോട് (ബിജെപി), എന്നിവര്‍ പങ്കെടുത്തു