വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിസകൾ അനുവദിക്കുന്നതിൽ ട്രംപ് ഭരണകൂടം താൽക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ, ഇറാൻ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പുതിയ നിയന്ത്രണം ബാധകമാകുന്നത്. ജനുവരി 21 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ കുടിയേറ്റക്കാർ അമേരിക്കയുടെ പൊതുജനക്ഷേമ പദ്ധതികളെയും ഖജനാവിനെയും അമിതമായി ആശ്രയിക്കുന്നു എന്ന കാരണത്താലാണ് ഈ കർശന നടപടി എന്നാണ് വിശദീകരണം.
എന്നാൽ അമേരിക്ക പ്രഖ്യാപിച്ച 75 രാജ്യങ്ങളുടെ വിസ നിരോധന പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങൾ ഈ പട്ടികയിൽ ഇടംപിടിച്ചപ്പോഴും ഇന്ത്യയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്നതെന്നും അത് അവിടുത്തെ സാമ്പത്തിക മേഖലയ്ക്ക് അനിവാര്യവുമാണെന്ന വിലയിരുത്തലാണ് ഇന്ത്യയെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാരണമായതെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ കുടിയേറ്റക്കാർ പൊതുവേ അമേരിക്കൻ സർക്കാരിന്റെ വെൽഫെയർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കുന്നവരല്ല എന്നതും ഒരു അനുകൂല ഘടകമായതായി വിലയിരുത്തപ്പെടുന്നു.
പബ്ലിക് ചാർജ് എന്നറിയപ്പെടുന്ന നിയമ വ്യവസ്ഥ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിസ നിരോധനം. വിസ അനുവദിക്കുന്നതിനുള്ള പരിശോധനാ രീതികൾ പുനഃക്രമീകരിക്കുന്നത് വരെ ഈ നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഥിരതാമസത്തിനുള്ള കുടിയേറ്റ വിസകൾക്ക് മാത്രമാണ് നിയന്ത്രണം ബാധകമാകുന്നത്. എന്നാൽ ടൂറിസ്റ്റ് വിസകൾ, ബിസിനസ് വിസകൾ തുടങ്ങിയ താൽക്കാലിക കുടിയേറ്റ ഇതര വിസകളെ തീരുമാനം നിലവിൽ ബാധിക്കില്ല. ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബ്രസീൽ, നൈജീരിയ, ഈജിപ്ത്, ഇറാഖ്, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.
അമേരിക്കയിലെ ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയും പുതിയതായി കുടിയേറാൻ ആഗ്രഹിക്കുന്നവരെയും തീരുമാനം വലിയ തോതിൽ ബാധിക്കും. വളരെ പരിമിതമായ സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഇനി വിസ അനുവദിക്കുകയെന്നും, അപേക്ഷകർ അമേരിക്കയിലെ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് നീക്കം വിലയിരുത്തപ്പെടുന്നത്.



