റിയാദ്: റഫയിലെ ഫലസ്തീൻ അഭയാർത്ഥികളുടെ കൂടാരങ്ങൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ക്രൂരതയെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റഫയിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലുടനീളവും നടക്കുന്ന മുഴുവൻ സംഭവങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്രായേൽ അധികാരികൾക്കയിരിക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവിച്ചു.
അന്താരാഷ്ട്ര സമൂഹത്തിൻ്റെ നിശബ്ദതയുടെ മറവിൽ, അന്താരാഷ്ട്ര, മാനുഷിക പ്രമേയങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും പരസ്യമായി ലംഘിച്ച് ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ അധിനിവേശ സേന തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ ഫലസ്തീൻ പ്രദേശത്തും ഫലസ്തീൻ ജനതയിലും ഉണ്ടാക്കിയ ദുരന്തങ്ങങ്ങൾ വളരെ വലുതാണ്. അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തകർക്കുംവിധമുള്ള ആക്രമണങ്ങളാണ് ഇസ്രയേൽ അധിനിവേശ സേന നടത്തുന്നത്.
പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രയേൽ അധിനിവേശ സേനയുടെ കൂട്ടക്കൊലകൾ തടയുന്നതിനും ഇസ്രയേലിനെതിരെ ശക്തമായ നിലപാടെടുക്കാനും അന്താരാഷ്ട്ര സമൂഹം ഇനിയും വൈകരുതെന്നും സൗദി അഭ്യർഥിച്ചു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകത രാജ്യം ഊന്നിപ്പറയുന്നു.