റിയാദ്: സൗദിയിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ ശനിയും ഞായറുമാക്കി മാറ്റണമെന്ന് നിര്‍ദ്ദേശം. സൗദി മാനവശേഷി ഉപദേഷ്ടാവ് ഡോ.ഖലീല്‍ അല്‍ ദിയാബിയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ ജി-20 ലെ അംഗ രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലാണ്. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളില്‍പെട്ട സൗദിയില്‍ ഇത് വെള്ളിയും ശനിയുമാണ്.
ആഗോള സമ്പത് വ്യവസ്ഥ പ്രവര്‍ത്തിക്കുന്ന വെള്ളിയാഴ്ച നാം അവധിയെടുക്കുകയും ആഗോള തലത്തില്‍ അവധിയുള്ള ഞായര്‍ നാം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഫലത്തില്‍ രണ്ട് ദിവസം നമുക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
നമ്മുടെ സമ്പദ് വ്യവസ്ഥക്ക് വലിയ തോതില്‍ ഇത് നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
വാരാന്ത്യ അവധി ദിവസങ്ങള്‍ ശനിയിലേക്കും ഞായറിലേക്കും മാറ്റുമ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥയുമായും ഓഹരി വിപണിയുമായും ശക്തമായി ഇടപെടാനും സാമ്പത്തിക രംഗത്ത് നല്ല മുന്നേറ്റം കാഴ്ച വെക്കാനും സൗദിക്ക് സാധിക്കുമെന്നും ഡോ.അല്‍ ദിയാബി അഭിപ്രായപ്പെട്ടു.