റിയാദ്: മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ ചിത്രം ‘ടർബോ’ സൗദിയിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. സൗദിയിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് ടർബോ സ്വന്തമാക്കി. 8 ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സിനെ ടർബോ പിന്നിലാക്കിയത്. സൗദിയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടർബോയുടെ കുതിപ്പ് തുടരുകയാണ്.
കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരുകയാണ് ടർബോ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു.
റിലീസ് ചെയ്തത് മുതൽ ചിത്രം റെക്കോർഡുകൾ തീർക്കുകയായിരുന്നു. ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനാണ് ടർബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനിൽ നിന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലും ടർബോ റെക്കോർഡുകൾ തീർക്കുന്നു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനും ടർബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിൽ ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത്.
ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.