തൃശൂര്‍: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും രാഷ്ട്രീയ അടിത്തറയില്‍ കനത്ത വിള്ളല്‍ വരുന്നതായി വിലയിരുത്തല്‍. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും വന്‍ഭൂരിപക്ഷത്തില്‍ മുന്നിലുള്ള ഇടതുമുന്നണിക്കാണ് അടിപതറിയത്. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമ്പോള്‍ പോലും കേരളത്തില്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ജനം തയാറായില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എളമരം കരീം, എ വിജയരാഘവന്‍, ഡോ. തോമസ് ഐസക് എന്നിവരെല്ലാം കടപുഴകുകയാണ്. ആലത്തൂരില്‍ മത്സരച്ച കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ മാത്രമാണ് അല്‍പം ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ രാഹുല്‍ തരംഗം ഇക്കുറി ഉണ്ടാകില്ലെന്നും ദേശയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍, ഇന്ത്യാ സഖ്യത്തെ പിന്തുണക്കുന്നത്, രാജ്യസഭാ അംഗങ്ങളുള്‍പെടെ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലിമെന്റില്‍ നടത്തിയ ബിജെപി വിരുദ്ധ പ്രകടനങ്ങള്‍ എന്നിവക്കൊപ്പം കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാരുടെ മോശം പ്രകടനം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അനുകൂലമായിരുന്നു. പൗരത്വനിയമഭേദഗതി, രാമക്ഷേത്രം, ഫലസ്തീന്‍ വിഷയങ്ങളിലെല്ലാം മുസ്ലിം ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നിന്ന സിപിഎമ്മിന് ഈ വിഭാഗത്തില്‍നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന വിലയിരുത്തലും ഉണ്ടാകും.
തുടര്‍ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെയും നേതാക്കളുടെയും സമീപനങ്ങളില്‍ വന്ന മാറ്റം പാര്‍ട്ടി തന്നെ വിമര്‍ശാധിഷ്ഠിതമായി വിലയിരുത്തിയിരുന്നു. പ്രാദേശിക തലങ്ങളിലുള്‍പെടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സംഭവിക്കുന്ന പോരായ്മ തിരഞ്ഞെടുപ്പു ഫലത്തില്‍ സ്വാധീനിക്കുന്നു എന്നു വിലയിരുത്തേണ്ടി വരും. രാഷ്ട്രീയ ആശയത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ദുര്‍ബലമായ അവസ്ഥയിലായിട്ടുകൂടി ജനം യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തയാറാകുന്നത് സിപിഎമ്മിന് ആഴത്തില്‍ പരിശോധിക്കേണ്ടി വരും.
തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ഘടകങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടത് 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ജയിക്കുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടി വിലയിരുത്തല്‍ പാളിയ സാഹചര്യത്തില്‍ ഇക്കുറി കൂടുതല്‍ സൂക്ഷ്മതയോടെയാണ് കണക്കെടുപ്പ് നടത്തിയത് എന്നാണ് പാര്‍ട്ടി പറഞ്ഞത്. തൃശൂരില്‍ സുരേഷ്‌ഗോപി മൂന്നാംസ്ഥാനത്തേക്കു പോകുമെന്നും എംവി ഗോവിന്ദന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അരലക്ഷത്തിലധികം വോട്ടിന് സുരേഷ്‌ഗോപി തൃശൂര്‍ മണ്ഡലം പിടിക്കുന്നതും സിപിഎമ്മിന് സൂക്ഷ്മമായി വിലയിരുത്തേണ്ടി വരും. കോഴിക്കോട് മണ്ഡലത്തില്‍ 2019ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് ഇക്കുറി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെ എംകെ രാഘവന്‍ പരാജയപ്പെടുത്തുന്നത്. കേരളത്തില്‍ മത്സരിച്ച പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മന്ത്രി എംബി രാജേഷ് നേരട്ടതിനേക്കാള്‍ കനത്ത തോല്‍വിയിലേക്കു പോകുന്നതും പാര്‍ട്ടിയെ അമ്പരപ്പിക്കുന്നുണ്ട്. ആലത്തൂരില്‍ കെ രാധാകൃഷ്ണന് ലഭിക്കുന്ന ഭൂരിപക്ഷവും തീരേ ചെറുതാണ്. ഭരണവിരുദ്ധവികാരം എന്ന ഒറ്റ വിലയിരുത്തലില്‍ മാത്രം ഒതുക്കാവുന്നതല്ല ഈ തിരഞ്ഞെടുപ്പു വിധി. രാഷ്ട്രീയ ആശയത്തിലും പ്രയോഗത്തിലും പാര്‍ട്ടിക്ക് പുരലോചന വേണ്ടി വരുമെന്ന സൂചനയാണ് അതു നല്‍കുന്നത്.