ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ ജയം. ദുര്‍ബലരായ കാനഡയെയാണ് ഏഴു വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ പാകിസ്താൻ ഫീല്‍ഡിങ് തിരഞ്ഞെടുത്താണ് തുടങ്ങിഒയത്. കാനഡയെ ഏഴിന് 106 റണ്‍സില്‍ ഒതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. നേരത്തെ ഇന്ത്യയോടും യുഎസ്എയോടും തോറ്റ പാകിസ്താന് സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമായിരുന്നു. മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയന്റുമായി ഗ്രൂപ്പ് എയില്‍ മൂ ന്നാം സ്ഥാനത്താണ് പാകിസ്താന്‍.
മുഹമ്മദ് റിസ്വാന്‍ പാകിസ്താനുവേണ്ടി അര്‍ധ സെഞ്ചുറിയെടുത്തു. 53 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും രണ്ടു ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ഒരു സിക്‌സും ഫോറും മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍. റിസ്വാന്‍ – ബാബര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സയിം അയൂബ് (6), ഫഖര്‍ സമാന്‍ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കാനഡക്കായി ഡില്ലന്‍ ഹെയ്‌ലിഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.