ന്യൂദല്‍ഹി: മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെങ്കിലും കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെയ്യാറാകണമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ ശബ്ദം കേള്‍ക്കുന്ന സ്വഭാവം മോദിക്ക് നേരത്തെ തന്നെ ഇല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷത്തെ കൂടി കേട്ടെങ്കിലേ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാകൂ. മോദി സര്‍ക്കാറിന് കഴിഞ്ഞ പത്ത് വര്‍ഷം സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ ആർ എസ് എസിനെക്കാൾ വലിയ വർഗീയതയാണ് മോദിക്കുള്ളത്. മണിപ്പൂരിൽ സമാധാനം കൈവരുത്താൻ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം പോലും ബിജെപി ചെവിക്കൊണ്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാല്‍, ആര്‍എസ്എസ് പറയുന്നതെങ്കിലും ശ്രദ്ധിക്കണം. നമ്മളും അവരും എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഭാഗവത് പറഞ്ഞത്. മാസങ്ങളായി താന്‍ പറഞ്ഞുവരുന്നതാണ് ഭാഗവതും പറഞ്ഞതെന്ന് അദ്ദഹം വ്യക്തമാക്കി.