റിയാദ്: അമേരിക്കയുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ ഇനി പുതുക്കേണ്ടെന്ന് സൗദി അറേബ്യ. ഇനി യു.എസ് ഡോളറല്ലാതെ മറ്റു കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. അമേരിക്കയുമായി 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ ഒൻപതിനായിരുന്നു പുതുക്കേണ്ടിയിരുന്നത്. 1974 ജൂൺ എട്ടിനായിരുന്നു ദീര്‍ഘകാലത്തേക്കുള്ള കരാർ ഒപ്പുവെച്ചിരുന്നത്. ഈ സുപ്രധാന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും.