തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നല്‍കാൻ സര്‍ക്കാര്‍. മുഹമ്മദ് ഷാഫി, ടി കെ രജീഷ്, സിജിത്ത് എന്നിവർക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സർക്കാർ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് ശിക്ഷാ ഇളവ് നൽകാനുള്ള പട്ടികയിലുള്ളത്. എല്ലാവരും ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ച പ്രതികളാണ്. ഹൈക്കോടതി വിധി മറികടന്നാണ് പ്രതികളെ വിട്ടയക്കാൻ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടി.
പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. കോടതിക്ക് സര്‍ക്കാര്‍ പുല്ലു വില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം പ്രതികള്‍ സര്‍ക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.