ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ ഗാന്ധി. മറ്റു മന്ത്രിമാര്‍ക്കെല്ലാം പ്രധാനമന്ത്രിയെ ഭയമാണ്. ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. ലോക്സഭയിലെ ബജറ്റ് ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥാണ് രാജ്യത്തിന്റേത്. സര്‍ക്കാരിന്റെ ഈ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മോദിയും അമിത് ഷായും രാജ്യത്തെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നു. ഇത് നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പടെ ആറ് പേരാണെന്നും രാഹുല്‍ ആരോപിച്ചു.
അംബാനിയേയും അദാനിയേയും എ വണ്‍, എ ടൂ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഹുല്‍ സഭയില്‍ സംസാരിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്കായി എന്താണ് ബജറ്റില്‍ വകയിരുത്തിയാതെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷകര്‍ക്ക് എന്ത് ഗ്യാരണ്ടിയാണ് നിങ്ങൾക്ക് നല്‍കാനുള്ളത്. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തിന് അവസരം നല്‍കൂവെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.