31.2 C
Saudi Arabia
Monday, August 25, 2025
spot_img

കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റത്തിന് വിചാരണ ചെയ്യണമെന്ന് കോടതി

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി കോടതി.  തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ്  കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം പ്രതിയെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. കുറ്റപത്രം വായിച്ചു കേട്ട പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു.  തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. ശ്രീറാം കോടതിയിൽ തുടര്‍ച്ചയായി ഹാജരാകാതിരുന്നതില്‍ കുറ്റപത്രം വായിക്കുന്നത് പല തവണ  മാറ്റിവച്ചിരുന്നു.  പ്രതിയെ വാക്കാല്‍ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ തവണ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അത്കൊണ്ടാണ് ഇന്ന് ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍ നേരിട്ട് ഹാജരായത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 304, 201 വകുപ്പുകളും  മോട്ടോര്‍ വാഹന നിയമത്തിലെ 184 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്  പ്രതിക്ക് മേല്‍ ചുമത്തിയത്. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെയുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

മദ്യപിച്ച് വാഹനമോടിച്ചെന്നതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്ക് മുമ്പ് പ്രതിക്കു നല്‍കേണ്ട എല്ലാ രേഖകളുടെയും ശരി പകർപ്പ്  നല്‍കിയെന്ന് ഉറപ്പു വരുത്തി കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിലാക്കാന്‍ കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ അടുത്ത മാസം ആറിനകം ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്‍ ഭാഗത്തോടും  പ്രതിഭാഗത്തോടും കോടതി ആവശ്യപ്പെട്ടു.

പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോഡില്‍ കാണുന്നുണ്ടെന്നും. പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ കാരണമില്ലെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് കനത്ത തിരിച്ചടിയായിരുന്നു ഉണ്ടായത്. 2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്, നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം  സുപ്രീം കോടതിയെ സമീപിച്ചത്.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു അമിതമായി മദ്യപിച്ച  ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ഇടിപ്പിച്ച് കെ എം ബഷീറിനെ കൊലപ്പെടുത്തിയത്.

Related Articles

- Advertisement -spot_img

Latest Articles