ബംഗളുരു: കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും ജെഡിഎസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ ഭൂമി കുംഭകോണ ആരോപണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിളെല്ലാം പരീക്ഷിച്ചത് ബിജെപി കർണാടകയിലും പരീക്ഷിക്കുകയാണ്. ഭരണഘടന വിരുദ്ധമായ ഇത്തരം നടപടികളെ നിയമപരമായിതന്നെ നേരിടും. പാർട്ടിയും ജനങ്ങളും തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ഭൂമി കുംഭകോണക്കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണർ തവര്‍ചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. മൈസൂരു വികസന അതോറിറ്റി (മൂഡ) വഴി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് അനധികൃതമായി ഭൂമി നല്‍കിയെന്നാണ് കേസ്. ഈ കേസിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
മൈസൂരു വികസന അതോറിറ്റിയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. നഗര വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു മറ്റൊരിടത്തു ഭൂമി പകരം നൽകുന്ന പദ്ധതിയാണിത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ മൈസൂരു ഔട്ടർ റിംഗ് റോഡ് കേസരയിൽ സ്ഥിതിചെയ്യുന്ന തന്റെ ഭൂമി ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. അവർക്ക് പകരം നൽകിയ ഭൂമി അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഇതിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി കൈമാറ്റം വഴി മൈസൂരു നഗരവികസന അതോറിറ്റിക്കും സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആക്ഷേപം ഉയർന്നിരുന്നു.