മുംബൈ : കൃഷ്ണമൃഗത്തെ കൊന്ന കേസിൽ ഒന്നുകിൽ ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സൽമാൻ ഖാന് മറ്റൊരു ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ യൂണിറ്റിന് തിങ്കളാഴ്ച ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നും ഭീഷണിയുണ്ട്.
സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ (ബിഷ്‌ണോയി സമുദായം) ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം അല്ലെങ്കിൽ 5 കോടി രൂപ നൽകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അവനെ കൊല്ലും; ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്,” സന്ദേശത്തിൽ പറയുന്നു.
ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും സൽമാൻ ഖാൻ്റെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി സന്ദേശത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അജ്ഞാതനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് നമ്പറിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മുംബൈ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
1998-ല്‍ വേട്ടയാടി കൃഷ്ണമൃഗത്തെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ട സൽമാൻ ഖാന് നിരന്തരമായി വധഭീഷണിയുണ്ട്. കഴിഞ്ഞ മാസം 2 കോടി രൂപ നൽകണമെന്ന ആവശ്യത്തോടൊപ്പം വധഭീഷണിയും ലഭിച്ചു. ഇത് അന്വേഷിച്ച പോലീസ് മുംബൈയിലെ ബാന്ദ്രയിൽ താമസിക്കുന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ട്രാഫിക് പോലീസിന് ഒക്ടോബർ 29 ന് ലഭിച്ച സന്ദേശത്തിൽ 58 കാരനായ നടനെ രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ ഡെസ്‌കിൽ നടനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ, സൽമാൻ ഖാന് വധഭീഷണി മുഴക്കിയതിന് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതിന് ബാന്ദ്ര (ഈസ്റ്റ്) നിവാസിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിലിൽ മോട്ടോർ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർത്ത മുംബൈയിലെ പ്രമുഖർ തമസ്സിക്കുന്ന പ്രദേശമായ ബാന്ദ്രയിലെ (വെസ്റ്റ്) ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലാണ് സൽമാൻ ഖാൻ താമസിക്കുന്നത്. സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള, എൻസിപി നേതാവ് സീഷൻ സിദ്ദിഖിൻ്റെ പിതാവ് ബാബാ സിദ്ദിഖ് ഒക്ടോബർ 12 ന് തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചിരുന്നു.
ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ വർഷം ഏപ്രിലിൽ നടൻ്റെ ബാന്ദ്രയുടെ വീടിന് പുറത്ത്, സംഘത്തിലെ അംഗങ്ങൾ വെടിയുതിർത്തിരുന്നു. മാസങ്ങൾക്ക് മുമ്പ്, സൽമാൻ ഖാനെ കൊല്ലാൻ ബിഷ്‌ണോയ് സംഘം നടത്തിയ ഗൂഢാലോചന നവി മുംബൈ പോലീസ് കണ്ടെത്തി, തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.