ബുറൈദ: മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ബുറൈദക്കടുത്ത ഉനൈസയിലാണ് സംഭവം. കൊല്ലം കടക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും(40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയുമാണ് (32) മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ശരത് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ജോലിക്ക് ഹാജരാകാതിരുന്ന ശരത്തിനെ സ്പോൺസർ ഫോണിൽ ബന്ധപെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് സ്പോൺസർ താമസസ്ഥലത്തെത്തുകയായിരുന്നു. അകത്ത് നിന്നും പൂട്ടിയ റൂം തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് രണ്ടു പേരും മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണമൊന്നും വ്യക്തമല്ല. ദീർഘകാലമായി ശരത് ഉനൈസയിൽ വയറിങ് പ്ലംപ്ലിങ് ജോലി ചെയ്തു വരികയാണ്. നാലു വർഷം മുൻപാണ് ശരത് പ്രീതയെ വിവാഹം ചെയ്തത്. രണ്ടു മാസം മുൻപാണ് ശരത് ഭാര്യയെ സൗദിയിലേക്ക് കൊണ്ട് വന്നത്.
മണിയനാചാരിയാണ് ശരത്തിന്റെ പിതാവ്. കൊല്ലം മാന്തോപ്പിൽ അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ തങ്കം ദമ്പതികളുടെ മകളാണ് പ്രീതി.