ബെംഗളൂരു: ഇ വി ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു. ബംഗളുരുവിലെ രാജ്‌കുമാർ റോഡിലെ ഇ വി ഷോറൂമിലാണ് സംഭവം. മൈ ഇ വി ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരി പ്രിയയാണ് ദാരുണമായി മരണപ്പെട്ടത്. ഷോറൂമിലെ ഇലക്ട്രിക് സ്‌കൂട്ടറുകളും കത്തിനശിച്ചു.
വൈകുന്നേരത്തോടെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ സൂക്ഷിച്ചിരുന്ന ഷോറൂമിൽ തീയും പുകയും ഉയർന്നത്. അപകടമറിഞ്ഞ ജീവനക്കാർ പുറത്തേക്കോടിയെങ്കിലും പ്രിയ പുക ശ്വസിച്ചു ഷോറൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമിലില്ലെന്ന ധാരണയിലാണ് അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
സേന എത്തുമ്പോഴേക്കും ഷോറൂമിലെ സ്‌കൂട്ടറുകളും മറ്റും കത്തി നശിച്ചിരുന്നു. അപകട കാരണം വ്യക്തമല്ല, ഷോർട് സർക്യൂട്ട് ആകുമെന്നാണ് പ്രാഥമിക നിഗമനം. രാജാജി നഗർ പി[ഒലീസ് അന്വേഷണം ആരംഭിച്ചു.