തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ക്രിസ്‌തുമസ് വിരുന്നിൽ നിന്നും മുഖ്യമന്ത്രിയും സ്‌പീക്കറും മന്ത്രിമാരും വിട്ടുനിന്നു. വിസി നിയമനവുമായി ബന്ധപെട്ട് ഗവർണറും സർക്കാരും തമ്മിൽ പോര് തുടരുന്ന സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ. ചൊവ്വാഴ്‌ച വൈകീട്ട് നടന്ന വിരുന്നിൽ സർക്കാരിനെ പ്രതിനിധീകരിച്ചു ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മാത്രമാണ് സംബന്ധിച്ചത്.
മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ,മതമേലധ്യക്ഷന്മാർ, സംഘടനാ പ്രതിനിധികൾ തുടങ്ങി 400 പേരെ വിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. അതെ സമയം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ചാണ്ടി ഉമ്മൻ പങ്കെടുക്കുകയുണ്ടായി.
ക്രിസ്‌തുമസ് വിരുന്നിനായി രാജ്ഭവൻ സർക്കാരിനോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം അഞ്ച്ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആരോഗ്യ സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്‌തിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഗവർണറുടെ ക്രിസ്‌തുമസ് വിരുന്ന് നടന്നത്.
കേരള സംസ്ഥാനത്തിന്റെ ദൽഹി പ്രതിനിധി കെവി തോമസും മുസ്‌ലിം ലീഗ് രാജ്യ സഭാ എംപി അഡ്വ. ഹാരിസ് ബീരാനും മാത്രമാണ് രാഷ്ട്രീയ നേതൃത്വത്തത്തിൽ നിന്നുംപരിപാടിയിൽ പങ്കെടുത്തത്.