ജനീവ : മുങ്ങിമരണ നിരക്കിൽ ആഗോളതലത്തിൽ 38% കുറവ് വന്നതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ റിപ്പോർട്ട്. മുങ്ങിമരണം തടയുന്നതിന്റെ ഭാഗമായി നടത്തുന്ന ശ്രമങ്ങളുടെ പ്രധാന നേട്ടമാണിതെന്നാണ് ലോകാരോഗ്യ സംഘടനാ ഇറക്കിയ ആദ്യ റിപ്പോർട്ടിൽ പറയുന്നത്.
നിരക്കിൽ കുറവ് കൊണ്ട് വരാൻ സാധ്യമായെങ്കിലും, മുങ്ങിമരണം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നു, ഓരോ മണിക്കൂറിലും 30-ലധികം ആളുകൾ മുങ്ങിമരിക്കുന്നതായും 2021-ൽ മാത്രം 300,000 ആളുകൾ മുങ്ങിമരിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുങ്ങിമരണങ്ങളിൽ പകുതിയും 29 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. നാലിലൊന്ന് മുങ്ങിമരണവും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. മുതിർന്നവരുടെ മേൽനോട്ടമില്ലാത്ത കുട്ടികൾ മുങ്ങിമരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ലളിതവും പ്രായോഗികവുമായ ഇടപെടലുകൾ ഫലം കാണുന്നു എന്നതിൻ്റെ തെളിവാണ് മുങ്ങിമരണങ്ങളിൽ ഗണ്യമായ കുറവുണ്ടായത് സൂചിപ്പിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നിരുന്നാലും ഓരോ മുങ്ങിമരണവും ഒരു മരണമാണ്, ദശലക്ഷക്കണക്കിന് ആളുകൾ അപകടത്തിലാണ്. ഈ റിപ്പോർട്ടിൽ നയരൂപീകരണത്തിനുള്ള നിർണായക വിവരങ്ങളും ജീവരക്ഷയുടെ അടിയന്തര നടപടിക്കുള്ള ശുപാർശകളും അടങ്ങിയിരിക്കുന്നുവെന്നും ഗെബ്രിയേസസ് കൂട്ടിച്ചേർത്തു .
മുങ്ങിമരണം കുറയ്ക്കുന്നതിലെ പുരോഗതി വിവിധ രാജ്യങ്ങളിൽ വിത്യസ്തമാണ്. ആഗോള തലത്തിൽ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് 10 ൽ 9 മുങ്ങിമരണങ്ങളും നടക്കുന്നു. യൂറോപ്യൻ മേഖലയിൽ 2000-നും 2021-നും ഇടയിൽ മുങ്ങിമരണനിരക്കിൽ 68% കുറവുണ്ടായി. എന്നാൽ ആഫ്രിക്കൻ മേഖലയിൽ നിരക്ക് വെറും 3% മാത്രമാണ് കുറഞ്ഞത്.
മുങ്ങിമരണം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നു. പ്രാദേശിക തലത്തിൽ സർക്കാരുകൾ ശക്തമായ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇത് തടയുന്നതിൽ പുരോഗതി സാധ്യമാണ്. ലോകാരോഗ്യ സംഘടനയുടെ ആഗോള പ്രതിനിധിയും മുങ്ങിമരണം തടയുന്നതിനുള്ള വിവിധ സർക്കാരുകളുടെ ശ്രമങ്ങൾക്ക് പിന്തുണനൽകിവരുന്ന ബ്ലൂംബെർഗ് ഫിലാന്ത്രോപീസിൻ്റെയും സ്ഥാപകനുമായ മൈക്കൽ ആർ ബ്ലൂംബെർഗ് പറഞ്ഞു.
നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2050-ഓടെ 7.2 ദശലക്ഷത്തിലധികം ആളുകൾ, പ്രധാനമായും കുട്ടികൾ, മുങ്ങിമരിക്കുമെന്നാണ് കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ മിക്ക മുങ്ങിമരണങ്ങളും തടയാൻ കഴിയും.