ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ കോര്‍ണിഷിലെ റാസല്‍ നാസ പാര്‍ക്ക് ഉദ്ഘാടനം ചെയ്‌തു. ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുവൈനൈനാണ് റാസല്‍ നാസ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സൗഹൃദ പാര്‍ക്കിലെ വിവിധ വസ്‌തുക്കൾ പുനരുപയോഗം ചെയ്‌ത് സൃഷ്ടിച്ചതാണ്. എക്സ്പോ 2023 ദോഹയുടെ പാരമ്പര്യമായി സ്ഥാപിതമായ രണ്ടാമത്തെ പാര്‍ക്കാണ് ഇത്. ദുഹൈല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അല്‍ റയ്ഹാന്‍ പാര്‍ക്ക് നേരത്തെ തുറന്ന് കൊടുത്തിരുന്നു.
റീസൈക്കിള്‍ ചെയ്‌ത വസ്തുക്കളില്‍ നിന്നാണ് പാർക്കിനെ രൂപ കല്പന ചെയ്തെടുത്തത്. നവീകരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മുൻ നിർത്തിയുള്ള പരിസ്ഥിതി സൗഹൃദ പാര്‍ക്കാണ് റാസല്‍ നാസ.
പഴയ ദോഹ തുറമുഖം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, സ്റ്റേഡിയം 974 എന്നിവയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന പാർക്ക് ദോഹ കോര്‍ണിഷിന്റെ തുടക്കത്തിലാണുള്ളത്. ദോഹ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പുതിയ പാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പാര്‍ക്കുകളിലൊന്നാണ്.