റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയുടെ വഞ്ചനയിൽ പെട്ട് ഏഴു വർഷമായി നാടണയാൻ കഴിയാതിരുന്ന ബാബു കേളിയുടെ സഹായത്തോടെ നടണഞ്ഞു. തന്റെ പേരിലുള്ള കേസ് എന്താണെന്നറിയാനും അത് പരിഹരിച്ച് നാടണയാനുള്ള സഹായം അഭ്യർഥിച്ചുമായിരുന്നു ആറ് മാസം മുൻപ് ബാബു കേളിയെ സമീപിക്കുന്നത്. ഉമ്മുൽ ഹമാം ജീവകാരുണ്യ കൺവീനർ ജാഫറിന്റെ നേതൃത്വത്തിൽ കേളി നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തുകയും കേസ് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആറ് മാസത്തോളം സമയമെടുത്താണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.
വർഷങ്ങൾക്ക് മുൻപ് എക്സിറ്റ് നേടി രാജ്യം വിടാതിരുന്നതിന്റെ പേരിൽ എംബസ്സി നൽകിയ അപേക്ഷ പരിഗണിക്കുന്നത് തർഹീൽ അധികൃതർ മാറ്റി വെക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായും ഇന്ത്യൻ എംബസ്സിയുടെ നിർലോഭമായ സഹായത്തിൻ്റെ ഭാഗമായും ബുറൈദയിലെ തടസ്സങ്ങൾ നീങ്ങി. ഇതിനായി ബുറൈദയിലെ സാമുഹ്യ പ്രവർത്തകൻ ഫൈസൽ, നാസർ പൊന്നാനി എന്നിവരുടെ ഇടപെടലുകളും കാര്യങ്ങൾക്ക് വേഗത കൂട്ടി.
2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ എത്തുന്നത്. റിയാദിൽ എത്തിയ ബാബുവിനെ സ്വീകരിക്കാൻ സ്പോൺസറുടെ ആളായി എയർപോർട്ടിൽ എത്തിയതായിരുന്നു തമിഴ്നാട് സ്വദേശി രാജു. ഭാഷ അറിയാത്തതിനാൽ രാജുവാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആദ്യ ഒരു വർഷം കൃത്യമായി ഇക്കാമയും ശമ്പളവും എല്ലാം നൽകി. രണ്ടര വർഷം കഴിഞ്ഞു നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ആദ്യ വർഷത്തിന് ശേഷം ഇക്കാമ അടിക്കാത്തത് അറിയുന്നത്. ഉടനെ ലഭിക്കുമെന്ന് രാജു ആവർത്തിച്ചു. തൊട്ടു പിറകെ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുകയും, സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് ഒന്നര വർഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടിൽ പോകാൻ സ്വരുകൂട്ടി വെച്ചതെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു. കൊറോണക്ക് ശേഷം വീണ്ടും ജോലി ലഭിച്ചു തുടങ്ങിയെങ്കിലും ഇക്കാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹം ശരിയാകുകയും ബാബു നാട്ടിൽ പോകണമെന്ന് രാജുവിനോട് ആവശ്യപ്പെടുകയും, രാജു കൃത്യമായ മറുപടി നൽകാതായപ്പോൾ വാക്ക് തർക്കത്തിൽ കലാശിച്ചു.
സ്പോൺസറെ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ ഇക്കാമ വാങ്ങി പോന്നതിൽ പിന്നെ രാജു സ്പോൺസറുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. എക്സിറ്റ് അടിക്കുന്നതിന്ന് 8000 റിയാലിനടുത്ത് നൽകണമെന്നും രാജു ആവശ്യപ്പെട്ടു. തനിക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയിൽ നിന്നും എടുക്കാൻ ബാബു പറഞ്ഞതനുസരിച്ച് എക്സിറ്റ് അടിക്കുന്നതിനുള്ള മാർഗങ്ങൾ നീക്കി. ഇന്ത്യൻ എംബസ്സിയെ സമീപിച്ച് എമർജൻസി പാസ്സ്പോർട്ട് തരപ്പെടുത്തി രാജുവിന് എക്സിറ്റ് അടിക്കുന്നതിനായി നൽകി.
വിരലടയാളം പതിയാത്തതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള ഉപേക്ഷിക്കേണ്ടിവന്നു. വീണ്ടും ജോലിയിൽ തുടർന്ന് കൊണ്ട് ബാബു പല സാമൂഹ്യ പ്രവർത്തകരെയും സമീപിചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ ബാബു പിടിക്ക പെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ രണ്ട് മാസം കഴിയേണ്ടി വന്നു. അവിടെ നിന്നാണ് തന്റെ പേരിൽ ബുറൈദയിൽ കേസുണ്ടെന്ന വിവരം അറിയുന്നത്. കേസ് ഉള്ളതിനാൽ റിയാദ് നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനു ശേഷം അവിടെനിന്നും പുറത്തു വിട്ടു. തുടർന്നാണ് കേളി വഴി എംബസ്സിയിൽ പരാതി നൽകിയത്.
രണ്ടു വർഷം മുമ്പ് രാജു സ്പോൺസർ അറിയാതെ എക്സിറ്റ് അടിക്കുക്കുകയും, വീവരമറിഞ്ഞ സ്പോൺസർ എക്സിറ്റ് കാൻസിൽ ചെയ്ത് കേസ് ഫയൽ ചെയ്യുകയുമായിരുന്നു. കൂടെ സാമ്പത്തീക ബാധ്യത ഉള്ളതായും കേസിൽ ഉൾപ്പെടുത്തി. ഇതായിരുന്നു ബാബുവിനെ യാത്ര മുടങ്ങുന്നതിന്ന് കാരണമായത്.
എക്സിറ്റ് അടിക്കുന്നതിനായി ചിലവായ സംഖ്യ നൽകാത്തതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്തിയാണ് ബുറൈദയിൽ കേസ് നൽകിയിരുന്നത്. രാജു പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏല്പിച്ചതായിരുന്നു എന്ന് ബാബു പറയുന്നു.
തുടർന്ന് കേളിയും ദമാം നവോദയ, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ് എന്നിവരുടെ സഹായത്താൽ കേസിന് ആസ്പദമായ തുക സ്വരൂപിക്കുകയും, തുക കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്ന് കേസ് പിൻവലിക്കുകയുമായിരുന്നു. കേളി പ്രവർത്തകരുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് കേസ് കണ്ടെത്തിയതും നാട്ടിലേക്ക് പോകാൻ വഴി ഒരുങ്ങിയതും.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നസീം ഖാൻ, ഹറഫുദ്ധീൻ കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, ചെയർമാൻ മധു എടപ്പുറത്ത്, കമ്മറ്റി അംഗങ്ങളായ നാസർ പൊന്നാനി, ജാഫർ എന്നിവരുടെ നിരന്തര പരിശ്രമത്തിന്റെ വിജയമാണ് ബാബുവിന്റെ തിരിച്ചു പോക്ക് സാധ്യമാക്കിയത്.
ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നേഴ്‌സിങിനും മറ്റൊരാൾ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകൾ നീക്കുന്നതിനായി പ്രവർത്തിച്ച ഇന്ത്യൻ എംബസ്സിയെയും കേളി കലാസാംസ്കാരിക വേദിയേയും, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ്, ദമ്മാം നവോദയ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവരോടും നന്ദി പറഞ്ഞ് ബാബു നാട്ടിലേക്ക് തിരിച്ചു. ടിക്കറ്റ് കേളി നൽകി. വെള്ളിയാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ ബാബുവിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.