കോട്ടയം: തട്ടുകടയിലെ സംഘർഷത്തിനിടയിൽ പോലീസുകാരൻ മർദ്ദനമേറ്റു മരിച്ചു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ശ്യാം പ്രസാദാണ് (44) മരിച്ചത്. പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് ആണ് പോലീസുകാരനെ ആക്രമിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
കാരിത്താസ് ജംഷനിലെ ബാർ ഹോട്ടലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ശ്യാം പ്രസാദ് അക്രമി സംഘത്തിന്റെ വീഡിയോ എടുത്തിരുന്നു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സി ഐ കെ.എസ് ഷിജി ഇവിടെ എത്തി അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാം പ്രസാദിനെ രക്ഷിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാംപ്രസാദിനെ തെള്ളകത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാലരയോടെ മരണപ്പെട്ടു.