മലപ്പുറം: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന്റെ പേരിൽ രണ്ടാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. തിരുവാലി ഹികമിയ ആർട് സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി ഷാനിദിനാണ് മർദനമേറ്റത്. ക്രൂരമായ റാഗിംഗിൽ ഷാനിദിന് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഷാനിദിന്റെ പല്ലുകൾ തകർന്നിട്ടുണ്ട്. മുഖത്തും തലയിലും നല്ല പരിക്കുകളുണ്ട്.
സംഘം ചേർന്നാണ് ഷാനിദിനെ മർദ്ദിച്ചത്. താക്കോൽ കൊണ്ട് കുത്തേറ്റ് ഷാനിദിന്റെ കവിളുകളിൽ ദ്വാരം വീണിരുന്നു. മുഖത്ത് മൂന്ന് തുന്നലുകളുണ്ട്. ശരീരത്തിലകമാനം മർദ്ദനമേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിന്റെ കുടുംബം എടവണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.