മലപ്പുറം: താനൂരിലെ പ്ലസ് ടു വിദ്യാർഥികളെ നാട് വിടാൻ സഹായിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബെയിൽ നിന്നും മടങ്ങിയെത്തിയ റഹീം അസ്‍ലമിനെ തിരൂരിൽ നിന്നാണ് താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പൂനെയിൽ നിന്നും കണ്ടത്തിയ കുട്ടികളെ ഇന്ന് ഉച്ചയോടെ തിരൂരിൽ എത്തിക്കും. കോടതിയിൽ ഹാജരാക്കിയ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടുമെന്ന് പോലീസ് അറിയിച്ചു. വിദ്യാർഥികൾക്ക് കൗണ്സലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നൽകാൻ പോലീസിന് പദ്ധതിയുണ്ട്.
രണ്ടു കുട്ടികളും താനൂർ ദേവദിയാൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ്. സ്‌കൂൾ യൂനിഫോമിൽ പ്ലസ് ടു പരീക്ഷക്ക് വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ചു തിരൂർ റയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. മുംബൈ ചെന്നൈ എഗ്‌മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.