ബുറൈദ : ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മുഹമ്മദ് റാഫിയുടെ മരണം. അൽ ഖസീം പ്രവാസി സംഘം അംഗം വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബത്തിനാണ് സഹായ ഫണ്ട് കൈമാറിയത്. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കൈതാങ്ങാവാൻ സംഘം ഏർപ്പെടുത്തിയതാണ് കുടുംബ സഹായ ഫണ്ട്.
ബത്തേരിയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റാഫിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി. ഖസിം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗമായിരുന്ന സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖസീം പ്രവാസി സംഘം ഏരിയാ സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ പ്രസിഡന്റ് യു പി അബ്ദുള്‍ ഗഫൂർ, സിപിഐഎം സുൽത്താൻ ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്, സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, ജില്ലാ കമ്മിറ്റിയംഗം പി കെ രാമചന്ദ്രൻ തുടങ്ങിയവരും റഫീക്കിൻ്റെ ബന്ധുമിത്രാതികളും പരിപാടിയിൽ പങ്കെടുത്തു.
2024 ഒക്ടോബർ 28 ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ ( സൂക്ക് ദാഹിലിയ) നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടി ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10 ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 21ആം വയസ്സിൽ ബുറൈദയിൽ എത്തിയ റാഫി കഴിഞ്ഞ 32 വർഷമായി ഈ പ്രദേശത്ത് തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു. ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുബത്തിൻ്റെ ഏക ആശ്രയമായിരുന്നു മുഹമ്മദ് റാഫി.