ദമ്മാം: സൗദികിഴക്കൻ പ്രവിശ്യയിലെ ഒമാൻ-സൗദി അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രവാസ സമൂഹത്തിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ കലാലയം സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ സഹല മുസ്ലിയാരകത്ത്, മകള്‍ ഫാത്വിമ ആലിയ, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദഖ്‌വാൻ എന്നിവരുടെ ജനാസയാണ് ളുഹര്‍ നമസ്‌കാര ശേഷം അല്‍-അഹ്‌സയിലെ അല്‍മഖ്ബറതു സ്വാലിഹയില്‍ ഖബറടക്കിയത്
ചെറിയപെരുന്നാൾ ദിനത്തിൽ ഒമാനിലെ താമസ സ്ഥലത്ത് നിന്നും ഉംറ നിർവ്വഹിക്കാനായി റോഡ് മാർഗം സഊദിയിലേക്ക് വരുന്നതിനിടയിലാണ് ഒമാൻ അതിർത്തി കഴിഞ്ഞ് അൽ അഹ്സയിലെ ബത്ഹയിൽ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തിട്ടത്, അപകടത്തിൽ ആലിയ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ദഖ്‌വാൻ ബത്‌ഹ ആശുപത്രിയിൽ വെച്ചും സഹ്‌ല അൽ ഹസയിലെ കിങ് ഫഹദ് ആശുപത്രിയിലുമാണ് മരിച്ചത്, ശിഹാബ്, മിസ്‌അബ്, രണ്ടുപേരുടെയും ഇളയ മക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മിസ്‌അബിന്റെ ഭാര്യ ഹഫീന അൽ ഹസ്സയിലെ ഹുഫൂഫ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്
ഐ സി എഫ്, ആർ എസ് സി പ്രവർത്തകരാണ് നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഒമാനിൽ നിന്ന് ആർ എസ് സി ഗ്ലോബൽ സെക്രട്ടറി നിഷാദ് അഹ്‌സനിയുടെ നേതൃത്വത്തിൽ ഒരു സംഘം അൽ അഹ്സയിലെത്തിയിരുന്നു. ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാനായി മലയാളികളും സ്വദേശികളും ഉൾപ്പെടെ വൻ ജനാവലി അല്‍-അഹ്‌സയിലെ അല്‍ മഖ്ബറതു സ്വാലിഹയില്‍ എത്തിച്ചേർന്നിരുന്നു
ഓഫീസുകൾ ഈദുൽ ഫിത്വർ അവധിയിലായിരുന്നിട്ടും ആവശ്യമായ രേഖകൾ കാലതാമസമില്ലാതെ പൂർത്തീകരിക്കുന്നതിനായി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ടായിരുന്നു, ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളായ ശരീഫ് സഖാഫി, ഹാശിം മുസ്‌ലിയാർ, ഫൈസൽ ഉള്ളണം, ജിഷാദ് ജാഫർ, റഷീദ് വാടാനപ്പള്ളി, അബൂത്വാഹിർ എന്നിവർ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു, ബഷീർ ഉള്ളണം, കബീർ ചേളാരി നടപടിക്രമങ്ങൾ ഏകോപിപ്പിച്ചു.
അൽ അഹ്സയിൽ മരിച്ചവരുടെ പേരിൽ മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാർഥന നടത്താനും, ഇ.സുലൈമാൻ മുസ്‌ലിയാർ,സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ അഭ്യർഥിച്ചു.