മലപ്പുറം: വിദ്യാർത്ഥികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഈ രീതി ഒഴിവാക്കണമെന്ന നിർദ്ദേശമാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്.
അധ്യയന വർഷത്തിന്റെ അവസാന ദിവസം യാത്രയയപ്പിനോടനുബന്ധിച്ച് അധ്യാപകർക്ക് വിദ്യാർത്ഥികൾ വിലപിടിപ്പുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, അലങ്കാര വസ്തുക്കൾ എന്നിവ സമ്മാനമായി നൽകുന്ന രീതി അടുത്തിടെ വർദ്ധിച്ചു വരുന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ചില വിദ്യാർത്ഥികൾ ഇതിനായി വൻ തുക ചിലവഴിക്കുന്നു. ഈ സമ്പ്രദായത്തോട് ചില അധ്യാപകർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും മറ്റു ചിലർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സമ്മാനങ്ങൾ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ടുള്ള യാത്രയയപ്പിനെതിരെ സമൂഹത്തിൽ അമർഷം പുകഞ്ഞതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടത്.
കേരള വിദ്യാഭ്യാസ നിയമ പ്രകാരം, സർക്കാരിന്റെ മുൻകൂർ അനുവാദം കൂടാതെ അന്യരിൽ നിന്ന് സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ സ്വീകരിക്കാൻ അധ്യാപകർക്ക് അനുവാദമില്ല. അഭിനന്ദന സൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ളവ സ്വീകരിക്കാമെങ്കിലും അതും നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഈ നിയമം ലംഘിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.