അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു.
ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) നെയാണ് മുഖമൂടി ധരിച്ചെത്തിയ അക്രമികൾ അരുംകൊല ചെയ്തത്.
ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം.
മുഖമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദിച്ചു. ബഹളം വച്ചാൽ കൊന്നുകളയുമെന്ന് ഈ സമയം പള്ളിക്കുള്ളിലുണ്ടായിരുന്ന കുട്ടികളെ അക്രമികൾ ഭീഷണിപ്പെടുത്തി. വടികളുമായി എത്തിയാണ് സംഘം ഇമാമിനെ ആക്രമിച്ചെതെന്ന് കുട്ടികൾ പിന്നീട് പോലീസിനോട് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളിൽ അക്രമികൾ വടിയുമായി എത്തുന്നത് ദൃശ്യമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദൗറായിലെ കാഞ്ചൻ നഗർ ഏരിയയിലെ പള്ളിയിലാണ് സംഭവം നടന്നതെന്ന് രാംഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ രവീന്ദ്ര സിങ് പറഞ്ഞു. പള്ളിയിൽ പഠിക്കുന്ന ചില കുട്ടികളും ഇവിടെ താമസിച്ചിരുന്നു. സംഭവസമയം ആറ് കുട്ടികളാണ് പള്ളിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതേ പള്ളിയിലാണ് മൗലാന മാഹിറും താമസിച്ചിരുന്നത്.