റിയാദ് – സൗദിയിലെ ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം പ്രാബല്യത്തിലായി. സ്കൂൾ ബസുകൾ, പ്രത്യേക ആവശ്യങ്ങൾക്ക് ഓടുന്ന ബസുകൾ, വാടക ബസുകൾ, അന്താരാഷ്ട്ര ബസുകൾ എന്നിവയുൾപ്പടെ എല്ലാവിധ ബസ് സർവിസുകളിലെ ഡ്രൈവർമാർക്കും നിയന്ത്രണം ബാധകമാണെന്ന് പൊതുഗതാഗത അതോറിറ്റി (ടിജിഎ) അറിയിച്ചു.
ഇളം നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്‌സും കറുത്ത ബെൽറ്റും ഷൂസുമാണ് പുതിയ യൂനിഫോം. യൂനിഫോമിന് പകരം പുരുഷന്മാർക്ക് ദേശീയ വസ്ത്രമായ തോബ് ധരിക്കാം. തോബിനൊപ്പം കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. സ്ത്രീകൾക്ക് യൂനിഫോമായി അബായ ധരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
മുൻകൂർ അനുമതി നേടിയശേഷം സ്ഥാപനങ്ങൾക്ക് സ്വന്തം യൂനിഫോം വികസിപ്പിക്കാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു. യൂനിഫോമിനു പുറമെ ഡ്രൈവർമാർക്ക് ജാക്കറ്റ്, കോട്ട് എന്നിവയും ധരിക്കാം. ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കൽ നിർബന്ധമാണെന്നും പൊതുഗതാഗത അതോറിറ്റി (ടിജിഎ) അറിയിച്ചു.