ജിദ്ദ: സൗദി പ്രവാസികൾക്ക് ആശ്വാസമായി മലപ്പുറത്ത് വി.എഫ്.എസ് സ്റ്റാംപിംഗ് കേന്ദ്രം വരുന്നു. കേരളത്തില്‍ നിന്ന് സൗദിയിലേക്കുള്ള വിസിറ്റിംഗ്, ഫാമിലി, ടൂറിസ്റ്റ്
വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് പുതിയ കേന്ദ്രം വരുന്നത്. സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ശാഖയാണ് വൈകാതെ മലപ്പുറത്ത് ആരംഭിക്കുന്നത്. മംഗലാപുരം കേന്ദ്രമായും വി.എഫ്.എസിന്റെ പുതിയ കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. രണ്ടുമാസത്തിനകം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഈ വർഷത്തെ ഹജ് സീസണ്‍ അവസാനിക്കുന്നതോടെ മലപ്പുറത്ത് കേന്ദ്രം തുടങ്ങും. ഇപ്പോൾ നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് വി.എഫ്.എസ് സൗദി സ്റ്റാംപിംഗ് കേന്ദ്രങ്ങളുള്ളത്. കോഴിക്കോട് കേന്ദ്രത്തിൽ 2200- 2500 അപേക്ഷകളിലാണ് പ്രതിദിനം തീരുമാനമുണ്ടാകുന്നത്. നിരവധി പേർ കാത്തിരിപ്പിലുമാണ്. മലപ്പുറത്ത് വരുന്നതോടെ തിരക്ക് കുറക്കാൻ സാധിക്കും.
അതോടൊപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബലില്‍ സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രം ആരംഭിക്കാനും സാധ്യതയുണ്ട്.