തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കുന്നു. ശമ്പളം 50ശതമാനം വർധിപ്പിക്കാനാണ സാധ്യത. ഇതിനായി ബിൽ കൊണ്ടുവരും. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും ഉൾപ്പെടെ ലഭിക്കുന്നത്. ഇതാണ് വർധഇപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും ഇഥ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ മാറ്റിവെച്ചതായിരുന്നു.
അവസാനം 2018ലാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിച്ചത്. അന്ന് ശമ്പളം 55,012 രൂപയായിരുന്നു. അത് വർധിപ്പിച്ചാണ് 97,429 രൂപയാക്കിയത്. അന്ന് തന്നെ എം.എൽ.എമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിമാർക്കു വാഹനവും വസതിയും സ്റ്റാഫ് അംഗങ്ങളും ഉണ്ടാകുകയും തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ ഫ്രീയായി താമസിക്കാനും സാധിക്കും.