ഈ വർഷത്തെ മെഡിക്കൽ നീറ്റ് പരീക്ഷ നാളെ സൗദിയിലും നടക്കും. നാളെ ഞായറാഴ്ച റിയാദിൽ വെച്ചാണ് പരീക്ഷ നടക്കുക. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമാണ് റിയാദ്. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ (എക്സിറ്റ് 24) വെച്ചാണ് പരീക്ഷ നടക്കുന്നത്. സൗദി സമയം 11.30 മുതൽ 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30ന് സ്കൂളിന്റെ പ്രവേശന കവാടം തുറക്കുമെങ്കിലും 11.00 മണിക്കാണ് വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥികൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡുമായാണ് പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ടത്. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 566 വിദ്യാർഥികളാണ് ഈ വർഷത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾ ഇന്ന് തന്നെ റായാദിലെത്തി നാളത്തെ പരീക്ഷക്കുള്ള അവസാനവെട്ട തയ്യാറെടുപ്പിലാണ്.
ഇന്ത്യൻ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്. ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എ നീറ്റ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.