കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇന്നും നിരവധി സർവീസുകൾ റദ്ദാക്കി. ഇത് മൂലം നിരലധി പ്രവാസികൾ ബുദ്ധിമുട്ടിലാകുകയും ചെയ്തു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് സർവിസുകളാണ് ഇന്ന് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് അവ.
മേയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറയുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകൾ മുടങ്ങിയതാത്. ഇതിന്‍റെ തുടർച്ചയായി രണ്ടാം ദിവസമായ ഇന്നും സമരത്തിലാണ് ജീവനക്കാർ. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.
മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്ന് 200ലേറെ ജീവനക്കാരാണ് കൂട്ടമായി രോഗാവധിയെടുത്തത്. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ.
സർവീസ് തടസ്സപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. പണം തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.