റിയാദ്: വിശുദ്ധ ഭൂമിയിലെത്തുന്ന തീർത്ഥാടകർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായി ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ സീറ്റുകയുടെ എണ്ണം വർദ്ധിപ്പിച്ചതായി സൗദി അറേബ്യ റെയിൽവേ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഏകദേശം ഒരു ലക്ഷം സീറ്റുകളാണ് വർദ്ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ വർഷം 1.3 ദശലക്ഷത്തിലധികം സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരുന്നത് 1.6 ദശലക്ഷമായി ഉയർന്നു.
ഈ വിപുലീകരണത്തോടെ കഴിഞ്ഞ വർഷത്തെതിൽ നിന്നും 430-ലധികം പുതിയ ട്രിപ്പുകൾ കൂട്ടിച്ചേർക്കപെടും.ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന യാത്രകളുടെ എണ്ണം 3,800-ലധികമായി ഉയർത്തുകയും ചെയ്യും. മെയ് 9 മുതൽ ജൂൺ 25 വരെ, ഏറ്റവും കൂടിയ യാത്രകളുടെ എണ്ണം ദിവസേന 126 ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ 10 ഇലക്ട്രിക് ട്രെയിനുകളുടെ പട്ടികയിൽ ഇടം നേടിയ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ ട്രെയിൻ 453 കിലോമീറ്റർ ദൂരമാണ് ഓടുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. മക്ക മദീന റൂട്ടിൽ ജിദ്ദയിലെ സുലൈമാനിയ ജില്ലയിലെ പ്രധാന സ്റ്റേഷനായ ജിദ്ദ സ്റ്റേഷൻ, കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് സ്റ്റേഷൻ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയിലൂടെയാണ് കടന്നുപോകുന്നത്