മക്ക: ഈ വർഷത്തെ ഹജജ് സീസണിൽ മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ഹാജിമാരെ സഹായിക്കുന്നതിനായി 220 വനിതാ സ്കൗട്ടുകൾ. സൗദി അറേബ്യൻ സ്‌കൗട്ട്‌സ് അസോസിയേഷനിൽ (സാസ) റെജിസ്റ്റർ ചെയ്ത വനിതാ സ്കൗട്ടുകളാണ് മക്കയിലെ മസ്ജിദുൽ ഹറമിന്റെ പൊതു സുരക്ഷയുമായി സഹകരിച്ച് പ്രവർത്തിക്കുക.
സാമൂഹിക പ്രവർത്തനങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് ഹറമിലെ സേവനങ്ങൾക്ക് നിയോഗിച്ചിരിക്കുന്നത്. പെണ്കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരിൽ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സാസക്കുള്ള പ്രതിബദ്ധതയാണ് അൽ ഹറം സെക്യൂരിറ്റിയുമായുള്ള സഹകരണമെന്ന് സാസ വൈസ് പ്രസിഡൻ്റ് ഡോ. അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം അൽ മുദൈറിസ് പറഞ്ഞു. സന്നദ്ധസേവനത്തിനുള്ള അവസരങ്ങൾ വികസിപ്പിക്കുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.