നാട്ടിലെത്തി രണ്ടാം ദിനം ദുരന്തം; കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴിക്കോട്: ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലായിരുന്ന വിദ്യാർഥി നാട്ടിലെത്തി രണ്ടാം ദിവസം വാഹനാപകടത്തിൽ മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുടുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.30 ഓടെ നടുവണ്ണൂരിനടുത്ത് കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അശ്വിൻ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ ഉള്ള്യേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപാണ് അശ്വിൻ ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. പ്രിയപ്പെട്ടവരെ കാണാൻ എത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. വിരമിച്ച അധ്യാപകൻ രാജന്റെയും ബിനിതയുടെയും മകനാണ് അശ്വിൻ രാജ്.

Related Articles

- Advertisement -spot_img

Latest Articles