മക്ക: വിശുദ്ധ ഹജ്ജിനെത്തിയ ഹാജിമാരെ പ്രയാസങ്ങളില്ലാതെ എളുപ്പത്തിലും സുഗമമായുംകൂടാര നഗരമായ മിനയിൽ എത്തിക്കാൻ സാധിച്ചുവെന്ന് മക്ക ഡെപ്യൂട്ടി അമീറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ സൗദ് ബിൻ മിഷാൽ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയുടെ ഹജ്ജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അല്ലാഹുവിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ നിരീക്ഷിക്കുന്നതിനുമായി മിനയിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. “ഹജ്ജിൻ്റെ സമാധാനം തകർക്കുന്ന ഒരു പകർച്ചവ്യാധി കേസുകളോ സംഭവങ്ങളോ രേഖപ്പെടുത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ഹാജിമാരെ മിനായിൽ എത്തിക്കുന്നത് എളുപ്പവും സുഗമവുമാക്കിയതിന് സൗദ് രാജകുമാരൻ ദൈവത്തെ സ്തുതിച്ചു. “വിശ്വാസ യാത്രയിൽ തീർഥാടകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഹാജിമാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിമിതികളില്ലാത്ത ഭൗതിക കഴിവുകളും യോഗ്യതയുള്ള മനുഷ്യ കേഡറുകളുകളെയും ലഭ്യമാക്കിയതിന്, ഇരു ഹറമുകളുടെ സംരക്ഷകനായ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സർക്കാരിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന്” അദ്ദേഹം പറഞ്ഞു.
“ഈ അനുഗ്രഹീത രാജ്യത്ത്, ഇസ്‌ലാമിൻ്റെ അഞ്ചാം സ്തംഭമായ ഹജ്ജ് നിർവഹിക്കാൻ വരുന്ന ദൈവത്തിൻ്റെ അതിഥികളെ സേവിക്കാൻ ഞങ്ങൾ എല്ലാവരും സന്നദ്ധരാണ്, അവരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും അവരെ ഹജ്ജിന് പ്രാപ്തരാക്കാനും ഞങ്ങൾ ശ്രദ്ധിക്കും. കർമ്മങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ ദൈവത്തിൻ്റെ അതിഥികളെ സേവിക്കുന്നതിനായി സൗദി ഗവൺമെൻ്റ് ഹജ്ജിൻ്റെ എല്ലാ മേഖലകളിലും ജീവനക്കാരെ അണിനിരത്തിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു, ഹാജിമാർക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് നിരവധി ഫീൽഡ് ആശുപത്രികൾക്ക് പുറമേ 189 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ മന്ത്രാലയം ക്രമീകരിച്ചിട്ടുണ്ട്.
മക്കയിലും പുണ്യസ്ഥലങ്ങളിലുമുള്ള തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം വിതരണം ചെയ്തതായി ഡെപ്യൂട്ടി അമീർ പറഞ്ഞു. 27,000 ബസുകൾക്ക് പുറമെ 20 ലക്ഷം തീർഥാടകരെ എത്തിക്കാൻ മഷെർ ട്രെയിൻ സജ്ജമാണ്.
ഹാജിമാരെ പൂർണ്ണമായി സേവിക്കാൻ ഇവിടുത്തെ ഭരണകൂടവും ജനങ്ങളും ഇവിടെയുണ്ടെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു, ഇത് നിങ്ങളോടുള്ള ഞങ്ങളുടെ കടമയാണ്. അതിനാൽ, ദൈവിക മാർഗനിർദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദൈവത്തിൻ്റെ ആചാരങ്ങളെ മഹത്വപ്പെടുത്താനും പാപങ്ങൾ, അധാർമികത, വിവാദങ്ങൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും ആരാധനയ്ക്കായി സ്വയം സമർപ്പിക്കാനും ഹാജിമാരോട് അമീർ അഭ്യർഥിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരെയും വിവിധ സർക്കാർ, സ്വകാര്യ, സന്നദ്ധ ഏജൻസികളുടെയും പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അമീർ, അവർ ചെയ്യുന്ന മഹത്തായ പ്രവർത്തനനങ്ങൾക്കും പരിശ്രമങ്ങൾക്കും നന്ദി അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഹജ്ജിൻ്റെ സുരക്ഷയെ ഹനിക്കുന്നതോ നിയന്ത്രണങ്ങൾ ലംഘിക്കാനോ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനും ശ്രദ്ധിക്കണമെന്ന് അമീർ അഭ്യർഥിച്ചു.
സർവ്വശക്തനായ ദൈവത്തിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു, ദൈവത്തിൻ്റെ അതിഥികൾക്ക് അതീവ ശ്രദ്ധയും സഹായവും നൽകാനും അവർക്ക് ആശ്വാസത്തിൻ്റെയും സമാധാനത്തിൻ്റെയും അനുഭവങ്ങൾ കൈമാറാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് കരുത്തേകാൻ വിവിധ സർക്കാർ, സ്വകാര്യ, സന്നദ്ധ ഏജൻസികളിൽ നിന്നുള്ള സഹപ്രവർത്തകരോട് സൗദ് രാജകുമാരൻ അഭ്യർഥിച്ചു.