മക്ക : ഹസ്രത്ത് ഇബ്രാഹിംനബിയുടെയും ഹാജറാബീവിയുടെയും ഇസ്മായീൽ നബിയുടെയും ത്യാഗോജ്വല ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കി മുസ്ലിം സമൂഹം ഇന്ന് ബലിപെരുന്നാൾ ആഘോഷിച്ചു. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നായിരുന്നു പെരുന്നാൾ. ഒമാനിലും കേരളത്തിലും നാളെയാണ് പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപണത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് പെരുന്നാൾ സമൂഹത്തിന് കൈമാറുന്നത്.
സൗദിയിലെങ്ങും ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലും പെരുന്നാൾ നിസ്കാരഗള് നടന്നു. വിശുദ്ധ ഹറമില്‍ ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസും മസ്ജിദുന്നബവിയില്‍ പള്ളി ഇമാം ശൈഖ് ഡോ. ഖാലിദ് അല്‍മുഹന്നയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രാർഥനാ സാന്ദ്രമായ പകലുകൾക്ക് വിരാമമിട്ട് മുസ്തലിഫയിൽ വിശ്രമിച്ച ഹാജിമാർ ജംറയിൽ എറിയാനുള്ള കല്ലുകൾ അവിടെ നിന്നും ശേഖരിച്ചു. രാവിലെ ജംറതുൽ അഖബയിൽ കല്ലേറ് നിർവഹിച്ചു, വളരെ ശാന്തമായ അന്തരീക്ഷത്തിൽ കല്ലേറ് പൂർത്തിയാക്കാൻ ഇന്ന് ഹാജിമാർക്ക് സാധിച്ചു. ഒന്നാം തഹല്ലൂൽ പൂർത്തിയാക്കിയവരും അല്ലാത്തവരും ബലികർമ്മങ്ങൾക്ക് ശേഷം ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാനും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഹാജിമാർ വിശുദ്ധ ഹറമിലെത്തുകയായിരുന്നു. പരിസരവാസികളാലും മറ്റുള്ളവരാലും ജനനിബിഡമായിരുന്നു ഹറമും പരിസരവും. മതാഫിലേക്ക് ഹാജിമാർക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ത്വവാഫുല്‍ ഇഫാദ പൂർത്തിയാക്കി ഹാജിമാർ മിനായിലേക്ക് മടങ്ങി.
മിനായിലേക്ക് തിരിച്ചുപോകുന്ന ഹാജിമാർ മൂന്നു ദിവസം മിനയിൽ താമസിക്കും. നാളെ മുതൽ മൂന്ന് ജംറകളിലും കല്ലേറ് നിർവഹിക്കും. ഹാജിമാർക്ക് സുരക്ഷിതമായി കല്ലേറ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും മിനയിൽ ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളും മിനയിൽ വരുത്തിയിരിക്കുന്നു. അനധികൃതമായി മിനിയിലെത്തുന്നവരെ തടയുന്നതിന് തുടക്കം മുതൽ തന്നെ പഴുതടച്ച പരിശോധന നടത്തിയിരുന്നു. പത്തൊൻപത് ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്.