മക്ക: മിനയിലും പരിസരങ്ങളിലും ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ ഹാജിമാർ പുറത്തിരങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. പകൽ പതിനൊന്ന് മുതൽ വൈകിട്ട് നാലുവരെ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ നിൽകരുതെന്നും, പുറത്തിറങ്ങുമ്പോൾ കൂടകളോ സമാനമായ വസ്തുകളോ ഉപയോഗിച്ച് വെയിലിൽ നിന്നും സംരക്ഷണം തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
നിലവിൽ മക്കയിലെ ചൂട് 46 ഡിഗ്രിയിലാണ് അത് 48 ഡിഗ്രി വരെ എത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇതിനിടെ സൂര്യാഘാതമേറ്റ് നിരവധി പേർ ചികിൽസ തേടിയിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുകയും വെയിലിൽ നിന്നും മാറിനിൽ ക്കുകയും ചെയ്യണമെന്നും അത്യാവശ്യത്തിനല്ലാതെ ടെന്റിൽ നിന്നും പുറത്തിറങ്ങരുതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
കനത്ത ചൂട് മൂലം കൂടുതൽ പ്രയാസങ്ങൾ നേരിടുന്നത് ഇന്ത്യയിൽ നിന്നുള്ള പ്രായം കൂടുതലുള്ള സ്ത്രീ ഹാജിമാരാണ്. പൊതുവേ പ്രതിരോധ ശേഷി കുറഞ്ഞതും ടെന്റിലെ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്തതുമാണ് അവരുടെ പ്രശ്നം. എല്ലാ വർഷങ്ങളിലെയും പോലെ വിദേശി വളണ്ടിയറ്മാരുടെ സേവനത്തിന്റെ കുറവും ഹാജിമാർ നേരിടുന്ന പ്രശ്നങ്ങളാണ്.